Skip to main content

അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ

 *അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ.*




السلام عليكم ورحمه الله تعالى وبركاته

ബഹുമാനപ്പെട്ട ഉസ്താദുമാരെ പ്രിയപ്പെട്ട കൂട്ടുകാരെ  ഇരുപത്തിയൊമ്പതാം സാഹിത്യോത്സവിൻ്റെ വേദിയിൽ "അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ" എന്ന വിഷയത്തെക്കുറിച്ച് ഞാൻ അൽപം സംസാരിക്കാം.

സൗഹൃദങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഒതുങ്ങുകയും നേരമ്പോക്കിനുള്ള ഉപാധികളുമായി മാത്രം കണക്കാക്കപ്പെടുന്ന ആധുനിക സാഹചര്യത്തിൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന സൗഹൃദ സങ്കല്പങ്ങൾ തികച്ചും പ്രസക്തമാണ്. മനുഷ്യൻ്റെ വിശ്വാസപരമായ നേട്ടങ്ങൾക്കും വിജയത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വിശുദ്ധമായ സ്നേഹബന്ധം. പരസ്പരം വിദ്വേഷവും വെറുപ്പും വച്ചുപുലർത്തുന്ന മനുഷ്യ വിഭാഗങ്ങളെ ഇസ്‌ലാം നിശിതമായി വിമർശിക്കുന്നുണ്ട്. ഒരു മുസ്ലിം മറ്റൊരു മുസ്‌ലിമിൻ്റെ  സഹോദരനാണെന്നും ഒരു കെട്ടിടത്തിൽ വിവിധ ഭാഗങ്ങൾ എന്നപോലെ പോലെ പരസ്പരം ശക്തി പകരുന്നവരാണെന്നും മറ്റുമുള്ള തിരു വാക്യങ്ങളിലൂടെ സാഹോദര്യവും സ്നേഹബന്ധങ്ങളും എത്രമാത്രം വിലമതിക്കുന്നുവെന്ന് മുത്തുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്.  വർണ്ണ, വർഗ്ഗ, ഭേദമന്യേ അടിമ, ഉടമ  വ്യത്യാസമില്ലാതെ തങ്ങളുടെ അനുചരർക്കിടയിൽ സാഹോദര്യത്തിൻ്റെ വിശാലലോകം തീർത്തുകൊണ്ട് സൗഹൃദത്തിൻറെ പ്രായോഗിക രീതിശാസ്ത്രം ലോകത്തിന് മുത്ത് നബി (സ്വ) കാണിച്ചു തന്നിട്ടുണ്ട്.   നല്ല കൂട്ടുകാരനെ കസ്തൂരി വിൽപ്പനക്കാരനോടാണ്  നബി (സ്വ) ഉപമിച്ചത്.
ഇത്തരത്തിൽ ഇസ്ലാം വിഭാവനം ചെയ്യുന്ന സൗഹൃദ മാതൃകക്ക് ഏറ്റവും മനോഹരമായ ഉദാഹരണമാണ് മുത്ത് നബിയുടെയും അബൂബക്കർ (റ) യുടെയും സുഹൃദ് ബന്ധം. ആധുനിക സൗഹൃദ സങ്കല്പങ്ങൾക്ക് തിരുദൂതരുടെയും സിദ്ദീഖ് (റ) ന്റെയും അടുത്ത് നിരവധി പാഠങ്ങളുണ്ട്.
നമുക്കറിയാം, പുതിയ കാലത്തെ കൂട്ടുകെട്ടുകൾ തിന്മയുടെയും അധാർമികതയുടെയും വിളനിലങ്ങളായി പരിണമിക്കുകയാണ്. കളി ഭ്രാന്തും ലഹരി ഭ്രമവും സോഷ്യൽ മീഡിയയും പുതിയകാല സൗഹൃദങ്ങളുടെ സവിശേഷതയാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. സൗഹൃദ കൂട്ടങ്ങൾ ലഹരി മാഫിയകളും ഗുണ്ടാ ഗ്യാങ്ങുകളുമായി പരിവർത്തന വിധേയമാവുമ്പോൾ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെയാണ് നമുക്ക് നഷ്ടമാവുന്നത്. ഇസ്ലാം മുന്നോട്ടു വെക്കുന്ന സൗഹൃദ സങ്കൽപം സമഗ്രമാണ്. വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ സൗഹൃദത്തിന് വളരെ വലിയ പങ്കുണ്ട്. ഒരു നല്ല സുഹൃത്ത് തൻറെ കൂട്ടുകാരന്റെ നന്മയെ പുണരാനും തിന്മയെ തിരുത്താനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും.  ഒരു ചീത്ത കൂട്ടുകാരനെ നബി (സ്വ) ഉപമിച്ചത് ഉലയിൽ ഊതുന്ന കൊല്ലനോടാണ്. അവന്റെ അടുത്തിരിക്കുന്നവൻ അതിൽ നിന്നുയരുന്ന ദുർഗന്ധവും പുകയും വെണ്ണീറും സഹിക്കേണ്ടി വരികയും ചിലപ്പോൾ വസ്ത്രത്തിൽ തീപ്പൊരി വീണു ദ്വാരമുണ്ടാവുകയും ചെയ്യും.
മുത്ത് നബിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അബൂബക്കർ (റ) ആയിരുന്നു. നബി തങ്ങളോടുള്ള സിദ്ദീഖ് (റ) വിന്ടെ സുഹൃത്ത് ബന്ധത്തെ ഉമർ (റ) വിവരിക്കുന്നത് ഇങ്ങനെയാണ്. "ഹിജ്റയുടെ രാത്രിയിൽ റസൂൽ (സ്വ) അനുഭവിച്ച സകല പ്രയാസങ്ങളെയും സ്വയം ഏറ്റെടുത്തുകൊണ്ട് അബൂബക്കർ (റ)  ചെയ്ത ത്യാഗം പോലെ ഉമറിന്റെ ജീവിതത്തിലെ ഒരു ത്യാഗവും സമമാവുകയില്ല. ദീനിനു വേണ്ടി പ്രവാചകരോടൊത്ത് സർവ്വം സഹിക്കാനൊരുങ്ങിയ അബൂബക്കർ (റ)വിൻ്റെ സൗഹൃദം നന്മക്കും നേരിനും  വേണ്ടി സർവ്വം ത്യജിക്കാൻ മാനവ രാശിക്കുള്ള പ്രചോദനമാണ്.

തൻ്റെ പഴയ കൂട്ടുകാരെല്ലാം മുത്ത് നബിയെ ധിക്കരിക്കാനും ഒറ്റപ്പെടുത്താനും തുനിഞ്ഞിറങ്ങിയപ്പോൾ അവരോട് അകലം പാലിച്ചത് അധമ കൂട്ടുകെട്ടുകളിൽ നിന്ന് അകന്നു നിൽക്കാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതുണ്ട് . തിരുനബി(സ്വ) പ്രബോധനം ആരംഭിച്ചപ്പോഴുണ്ടായ അപശബ്ദങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിപ്പിച്ച് അവിടത്തേക്ക് താങ്ങും തണലുമാകാൻ അബൂബക്കർ(റ) ശ്രമിക്കുകയായിരുന്നു.
ഒരു ദിവസം കഅ്ബയിൽ വച്ച് നിസ്‌കരിക്കുകയായിരുന്ന മുത്ത് നബിയുടെ കഴുത്തിൽ ശത്രുവായ ഉഖ്ബത് ഒരു തുണി വരിഞ്ഞ് മുറുക്കിയപ്പോൾ  ഉടനടി അബൂബക്കർ(റ) സ്ഥലത്തെത്തുകയും "എന്റെ റബ്ബ് അല്ലാഹുവാണ് എന്നു പറഞ്ഞതിന് നിങ്ങൾ ഒരാളെ വധിച്ചുകളയുകയാണോ?" എന്നു ചോദിച്ച് അയാളുടെ ചുമലിൽ പിടിച്ചു മാറ്റി. 

പ്രവാചകരോടുള്ള സിദ്ദീഖ്(റ)ന്റെ അദമ്യ സ്‌നേഹത്തിൽ ആശങ്ക പൂണ്ട ഖുറൈശികൾ ഇസ്‌റാഅ്, മിഅ്‌റാജ് സംഭവത്തെ കൂട്ടുപിടിച്ച് അബൂബക്കർ(റ)നെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തി.  ആഇശ(റ) പറയുന്നു: നബി(സ്വ) നിശാപ്രയാണം നടത്തിയതിനെ കുറിച്ച് പൊതുജന സംസാരം ഉയർന്നപ്പോൾ അവർ വന്ന് അബൂബക്കർ(റ)നോട് പരിഹാസ രൂപേണ സംസാരിച്ചപ്പോൾ "പ്രവാചകർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതു സത്യംതന്നെ"  എന്ന പിന്തുണയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു സിദ്ദീഖ് (റ).

ശാരീരികമായി മാത്രമല്ല, സാമ്പത്തികമായി റസൂൽ(സ്വ)ക്ക് പിന്തുണ നൽകുന്നതിലും സിദ്ധീഖ് (റ) മുൻപന്തിയിലായിരുന്നു. ആഇശ(റ) പറയുന്നുണ്ട്: "അബൂബക്കർ(റ) നബിക്ക് വേണ്ടി ചെലവഴിച്ചത് നാൽപതിനായിരം ദിർഹമാണ്".
നബി തങ്ങൾ സ്വന്തം സമ്പത്ത് പോലെ സിദ്ദീഖ് (റ) വിൻ്റെ സമ്പത്തിൽ വിനിമയം നടത്തുമായിരുന്നു വെന്ന് ഹദീസിൽ കാണാം.

തിരുനബി(സ്വ)ക്ക് വേണ്ടി സർവസ്വവും സമർപ്പിക്കുന്നതിലായിരുന്നു അബൂബക്കർ(റ)ന് സന്തോഷം. അതാകട്ടെ മഹാനവർകളുടെ ചെറുപ്പം മുതലുള്ള ശീലവുമായിരുന്നു.
തിരുനബിയുടെ പ്രബോധന യാത്രയിൽ താങ്ങും തണലും തന്നെയായിരുന്നു സിദ്ദീഖ്(റ). ഹിജ്റയുടെ വേളയിൽ സൗർ ഗുഹയിലേക്ക് നബിക്ക് മുമ്പ് സിദ്ദീഖ്(റ) കയറിയതും അവിടെയുള്ള ചെറു മാളങ്ങൾ തുണിക്കഷ്ണം കൊണ്ട് അടച്ചതും ശേഷിച്ച ദ്വാരം കാൽപാദം കൊണ്ട് അടച്ചുപിടിച്ചതുമെല്ലാം സിദ്ധീഖ് (റ) വിന് നബി(സ്വ)യോടുള്ള അഗാധ സ്‌നേഹം പ്രതിഫലിപ്പിക്കുന്നുണ്ട്.

റസൂൽ(സ്വ)യുടെ എല്ലാ അവസ്ഥകളിലും സിദ്ദീഖ്(റ) നിഴൽ പോലെ കൂടെയുണ്ടായിരുന്നു. സന്തോഷത്തിലും സന്താപത്തിലും സിദ്ദീഖ് (റ) തണലായി വർത്തിച്ചു.
അബൂബക്കർ (റ) സ്വഹാബാക്കളോടും മനോഹരമായി സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. സാധാരണ ഉമർ (റ) വിനെ കണ്ടു മുട്ടുമ്പോൾ ആദ്യം സലാം പറയാറുള്ളത് അബൂബക്കർ (റ) വായിരുന്നു. ഒരു ദിവസം അബൂബക്കർ (റ) ഉമർ (റ) വിനെ കണ്ടപ്പോൾ സലാം പറഞ്ഞില്ല. സങ്കടത്തോടെ ഉമർ (റ) മുത്ത് നബിയുടെ അടുക്കൽ വിഷയമവതരിപ്പിച്ചു. നബി തങ്ങൾ ഞങ്ങൾ സലാം പറയാത്തതിൻ്റെ കാരണമന്വേഷിച്ചപ്പോൾ സിദ്ദീഖ് (റ) തിരിച്ചു പറയുന്നുണ്ട്. റസൂലേ... അങ്ങ് പറഞ്ഞിട്ടില്ലേ ഏറ്റവും കൂടുതൽ കൂടുതൽ പ്രതിഫലം ലഭിക്കുന്നത് സലാം പറഞ്ഞു തുടങ്ങുന്ന എന്ന ആൾക്കാണെന്ന്.? എപ്പോഴും എനിക്ക് കിട്ടുന്നത് ഇന്ന് ഉമറി(റ)ന് കിട്ടട്ടെ എന്ന്.

സുഹൃത്തുക്കളേ...
എവിടെയും കമ്പോള വൽകൃതവും സ്വാർത്ഥത താൽപര്യങ്ങളിൽ അധിഷ്ഠിതവുമായ ബന്ധങ്ങളാണ് ഇന്ന് രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഭൗതിക താൽപര്യം മുൻനിർത്തി പരസ്പരം കൂട്ടുകൂടുന്നത് അത് അർത്ഥശൂന്യമായ പ്രവർത്തനമാണ്. ഇവിടെയാണ് സൃഷ്ടാവായ അല്ലാഹുവിൻ്റ പ്രീതി മാത്രം പ്രതീക്ഷിച്ചുകൊണ്ടുളള സൗഹൃദം പ്രസക്തമാകുന്നത്. അതിനുള്ള ഏറ്റവും മനോഹരമായ മാതൃകയാണ് സയ്യിദുനാ അബൂബക്കർ (റ). അവിടത്തെ ബറകത്ത് കൊണ്ട് നമ്മുടെ ജീവിതത്തിലും സൗഹൃദങ്ങളിലും നാഥൻ ബറകത്ത് ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ എൻ്റെ വാക്കുകൾ ഉപസംഹരിക്കുന്നു.

السلام عليكم ورحمه الله تعالى وبركاته

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ