Skip to main content

 *ഉൻസ് നിസ്കാരം* (മരണ രാത്രിയിലെ പ്രാർത്ഥന)

 *ഉൻസ് നിസ്കാരം*

 (മരണ രാത്രിയിലെ പ്രാർത്ഥന)



ഒരു മുസ്‌ലിം മരണപ്പെട്ടു മയ്യിത്തു പരിപാലനം കഴിഞ്ഞാൽ അന്നു പകലിലോ രാത്രിയിലോ ഒരു പ്രത്യേക നിസ്കാരവും പ്രാർത്ഥനയും സുന്നത്തുണ്ട്. സ്വലാത്തുൽ ഉൻസ് എന്നാണു നിസ്കാരത്തിന്റെ പേര്. മയ്യിത്തിനു ഖബ്റിൽ ഇണക്കവും ആനന്ദവും ലഭിക്കുന്ന നിസ്കാരം.


ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ(റ)വിന്റെ ഖുർറത്തുൽ ഐനിന്റെ വ്യാഖ്യാനമായ നിഹായത്തു സൈനിൽ ശൈഖ് മുഹമ്മദ് നവവി(റ) (മ.ഹി: 1316) സുന്നത്തു നിസ്കാരം വിവരിക്കുന്നിടത്ത് ഇങ്ങനെ വിവരിക്കുന്നു.


*ومنه صلاة ركعتين للأنس في القبر.*


ഖബ്‌റാളിക്കു നേരംപോക്ക് ലഭിക്കാൻ വേണ്ടി രണ്ടു റക്അത്തു നിസ്കാരം സുന്നത്തു നിസ്കാരങ്ങളിൽ പെട്ടതാണ്.


*قال رسول الله ﷺ لا يأتي على الميّت أشدّ من اللّيلة الأولى فارحموا بالصّدقة من يموت فمن لم يجد فليصلّ ركعتين يقرأ فيهما أي في كلّ ركعة منهما فاتحة الكتاب مرّة وآية الكرسيّ مرّة وألهاكم التّكاثر مرّة وقل هو الله أحد عشر مرّات ويقول بعد السّلام "اللّهمّ إنّي صلّيت هذه الصّلاة وتعلم ما أريد اللّهمّ ابعث ثوابها إلى قبر فلان ابن فلان" فيبعث الله من ساعته إلى قبره ألف ملك مع كلّ ملك نور وهديّة يؤنسونه إلى يوم ينفخ في الصّور (نهاية الزين: ۱۰۷/۱).*


നബി(സ്വ) പറയുന്നു: ഖബ്‌റിലെ ആദ്യരാത്രിയേക്കാൾ ഗൗരവം നിറഞ്ഞ ഒന്നും മയ്യിത്തിനു വരാനില്ല. അതിനാൽ നിങ്ങൾ മയ്യിത്തിനു വേണ്ടി സ്വദഖഃ ചെയ്തു കാരുണ്യം കാണിക്കുക. സ്വദഖഃ ചെയ്യാൻ സാധിക്കാത്തവൻ രണ്ടു റക്അത്തു നിസ്കരിക്കട്ടെ. ഓരോ റക്അത്തിലും ഫാതിഹക്കു ശേഷം ആയത്തുൽ കുർസിയ്യ് *(آية الكرسي)* ഒരു തവണയും അൽഹാകുമുത്തകാസുർ *(سورة ألهاكم التكاثر)* ഒരു തവണയും ഖുൽഹുവല്ലാഹു അഹദ് *(سورة الإخلاص)* പത്തു പ്രാവശ്യവും ഓതണം. (ചിലരിവായത്തിൽ ഖുൽഹുവല്ലാഹു അഹദ് പതിനൊന്ന് തവണയെന്നു കാണുന്നുണ്ട്.) അങ്ങനെ നിസ്കാരശേഷം ഇങ്ങനെ പ്രാർത്ഥിക്കണം.


*اَللَّهُمَّ إِنِّي صَلَّيْتُ هَذِهِ الصَّلاَةَ وَتَعْلَمُ مَا أُرِيدُ، اَللَّهُمَّ ابْعَثْ ثَوَابَهَا إِلَى قَبْرِ فُلاَنِ ابْنِ فُلاَنٍ.*


“അല്ലാഹുവേ, നിശ്ചയം ഞാൻ ഈ നിസ്കാരം നിർവഹിച്ചു. എന്റെ ഉദ്ദേശ്യം നിനക്കറിയാമല്ലോ. ഈ നിസ്കാരത്തിന്റെ പ്രതിഫലം മുഹമ്മദ് മകൻ ഖാലിദിന്റെ (പേര് ഉദാഹരണം) ഖബ്റിലേക്ക് നീ എത്തിക്കേണമേ.”


നിസ്കരിച്ചു ഇങ്ങനെ പ്രാർത്ഥിച്ചാൽ അപ്പോൾ തന്നെ ആ ഖബ്റാളിയുടെ അടുത്തേക്ക് അല്ലാഹു ആയിരം (നിരവധി) മലക്കുകളെ അയക്കുന്നതാണ്. ഓരോ മലക്കിന്റെയടുത്തും പ്രകാശവും സമ്മാനവും ഉണ്ടാകും. അങ്ങനെ ഖബ്റാളി അന്ത്യനാൾ വരെ ഖബ്റിൽ ആനന്ദത്തോടെ ജീവിക്കും (നുസ്ഹത്തുൽ മജാലിസ് പേജ്: 97, നിഹായത്തു സൈൻ: 1/107).


ഈ വിവരിച്ച നിസ്കാരത്തിന്റെ നിയ്യത്ത്:


*أُصَلِّي رَكْعَتَيْنِ لِلْأُنْسِ فِي الْقَبْرِ لِفُلاَنِ ابْنِ فُلاَنٍ لِلَّهِ تَعَالَي*


(ഇന്നവന്റെ മകൻ ഇന്നയാൾക്ക് ഖബ്റിൽ ആനന്ദവും നേരംപോക്കും ലഭിക്കാനായി അല്ലാഹു തആലാക്ക് വേണ്ടി രണ്ടു റക്അത്തു ഞാൻ നിസ്കരിക്കുന്നു) (ഫുലാനുബ്നു ഫുലാൻ എന്ന സ്ഥാനത്ത് മയ്യിത്തിന്റെ പേരും പിതാവിന്റെ പേരും കരുതി പറയുക.) മയ്യിത്തു സ്ത്രീയാണെങ്കിൽ ഇബ്നു എന്ന സ്ഥാനത്ത് *بنت* എന്നാക്കുക.


ഈ നിസ്കാരം നിർവഹിച്ചവന്റെ പുണ്യം ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്:


*إنّ فاعل ذلك له ثواب جسيم.*


വമ്പിച്ച പ്രതിഫലമാണ് ഈ നിസ്കാരം നിർവഹിച്ചവനുള്ളത്.


*انّه لا يخرج من الدّنيا حتّى يرى مكانه في الجنّة.*


നിസ്കരിച്ചവൻ സ്വർഗത്തിലെ അവന്റെ സ്ഥാനം കണ്ടിട്ടല്ലാതെ മരിക്കുകയില്ലെന്നും ഹദീസിൽ വന്നിട്ടുണ്ട്.


മരിച്ച അന്നു രാത്രി മാത്രമല്ല ഈ നിസ്കാരം ഉള്ളത്. എന്നും നിസ്കരിക്കാം. പല തവണയും നിസ്കരിക്കാം. പതിവാക്കാം.


قال بعضهم فطوبي لعبد واظب على هذه الصلاة كلّ ليلة وأهدی ثوابه لكلّ ميّت من المسلمين.


ചില പണ്ഡിതർ പറയുന്നു: എല്ലാ രാത്രിയും ഈ സ്വലാത്തുൽ ഉൻസ് പതിവാക്കുകയും ഈ നിസ്കാരത്തിന്റെ പ്രതിഫലം എല്ലാ മുസ്‌ലിം മയ്യിത്തിനും ഹദ്‌യഃ നൽകുകയും ചെയ്യുന്നവനു ഇഹപര സന്തോഷമുണ്ട് (നിഹായത്തു സൈൻ: 1/107).

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ