Skip to main content

തിരു നബി പാഠം- 5

തിരുനബി (സ്വ): സൗന്ദര്യത്തിൻ്റെ നിത്യ വിസ്മയം
◆◆◆◆◆◆◆◆◆◆◆◆◆
     
     വർണിക്കാൻ കഴിയാത്ത മാഹത്മ്യങ്ങളുടെയും പുണ്യങ്ങളുടെയും പൂനിലവായിരുന്നു തിരുനബി (സ്വ).പ്രാപഞ്ചിക സൗന്ദര്യത്തിൻ്റെ ആകെ തുകയും അഭൗതിക ചാരുതയോടെ തിരുനബി (സ്വ) തങ്ങളിൽ നിക്ഷിപ്തമായിരുന്നു.ഭൗതിക സ്വാധീനങ്ങളിൽ നിക്ഷിപ്തമാകാതെ നിലനിൽക്കുന്നതിനാൽ തന്നെ ഒരു മനുഷ്യനും പറഞ്ഞൊതുക്കാനോ രചിക്കാനോ സാധ്യമല്ല.പ്രവാചക പ്രഭയിൽ നിന്നാണ് പ്രപഞ്ചത്തിൻ്റെ മുഴുവൻ സൃഷ്ടിപ്പും അല്ലാഹു സംവിധാനിച്ചത്.
           വിശ്വ സൗന്ദര്യത്തിൻ്റെ ആകെ തുക ലഭിച്ചിട്ടും പകുതി ലഭിച്ച യൂസുഫ് നബി (അ) നോളം സൗകുമാര്യത പ്രകടമായിരുന്നില്ലല്ലോ എന്നതിന് കാരണം തിരുനബി (സ്വ) യുടെ സൗന്ദര്യത്തിന് മുന്നിൽ സംരക്ഷണത്തിൻ്റെ രണ്ട് കവചങ്ങളുണ്ടായിരുന്നു.പ്രൗഢിയും തേജോവിലാസവുമായിരുന്നു അത്. വികലചിന്തകൾ ഉള്ളിലൊതുക്കി തിരുനബിയെ നോക്കാൻ പോലും ഒരു സ്ത്രീയുടെ മനസ്സും ധൈര്യപ്പെടാതിരിക്കാൻ മാത്രം സംരക്ഷിതമായിരുന്നു അവിടുത്തെ സൗന്ദര്യം.ചപല വികാരങ്ങളോടെ നോക്കാൻ സാഹചര്യമുണ്ടായിരുന്നുവെങ്കിൽ കമാർത്തരുടെ ഹൃദയങ്ങൾ നശിച്ചു പോകുമായിരുന്നു.അതാണ് മഹതി ആഇശ ബീവി (റ) പാടിയത്: 
لواحي زليخا لو رأين جبينه                 
لآ ثرن بالقطع القلوب على الايدي

" സുലൈഖയുടെ തോഴിമാർ തിരുനബി (സ്വ) തങ്ങളുടെ സൗന്ദര്യം ആവിധം ദർശിച്ചിരുന്നുവെങ്കിൽ വിരൽ തുമ്പുകൾക്ക് പകരം ഹൃദയങ്ങൾ അവർ കൊത്തി മുറിക്കുമായിരുന്നു.(ശറഹു മവാഹിബില്ലദുന്നിയ്യ 4/390). "
       
    തിരു സൗന്ദര്യത്തിൻ്റെ പ്രകടമായ ചില പരാമർശങ്ങളെ മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ.ഒരാൾക്കും തിരുസൗന്ദര്യത്തിൻ്റെ സമ്പൂർണ്ണതയെ അവിഷ്‌കരിക്കാൻ കഴിയില്ല എന്ന യാഥാർത്ഥം ലോകം തിരിച്ചറിയുകയാണ് ഉണ്ടായത്.
     അബൂഹുറൈറ (റ) പറയുന്നു : ' അല്ലാഹുവിൻ്റെ പ്രവാചകനേക്കാൾ ഭംഗിയുളള ഒരാളെയും ഞാൻ ദർശിച്ചിട്ടില്ല.സൂര്യൻ അവിടുത്തെ വദനത്തിലൂടെ നടക്കുന്നത് പോലെ തോന്നും.അൽ ബറാഉബ്നു ആസിബിനോട് തിരുനബിയുടെ മുഖം ഖഡ്ഗം പോലെയാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:അല്ല, ചന്ദ്ര തുല്യമായിരുന്നു(ബുഖാരി 6/564).
      തിരുനബി (സ്വ) തങ്ങളുടെ മുഖശോഭയെ പൂർണ പൗർണമിയോട് ഉപമിച്ചുകൊണ്ടാണ് അതിനദ്ദേഹം മറുപടി നൽകിയത്.ജാബിറുബ്നു സംറ (റ) പറയുന്നു: 'നിലാവുള്ള ഒരു രാത്രി ഞാൻ അല്ലാഹുവിന്റെ ദൂതനെ കണ്ടു.അവിടുത്തെ ശരീരത്തിലപ്പോൾ ചുവന്ന ഒരു വസ്ത്രം ഉണ്ടായിരുന്നു.ഞാൻ ചന്ദ്രനെയും പ്രവാചകനെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു.എൻ്റെ അഭിപ്രായത്തിൽ നബിക്കുതന്നെയായിരുന്നു കൂടുതൽ സൗന്ദര്യം.

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ