Skip to main content

തിരുനബി പാഠം-1


🌹 *ശൈഖ് അബ്ദുൽ ഖാഹിർ رضي اللّٰه عنه*🌹

ശൈഖ് അബുന്നജീബ് അബ്ദുൽ ഖാഹിർ സുഹ്റവർദി رضي اللّٰه عنه ഉന്നതരായ ഔലിയാക്കളിൽ പ്രമുഖനും സുഹ്റവർദിയ്യ ത്വരീഖത്തിന്റെ ശൈഖുമാണ് .മഹാനായ ഇമാം ശഅ്റാനി رضي اللّٰه عنه തന്റെ ത്വബഖാത്തുൽ വുസ്ത്വയിൽ പറയുന്നു : ശൈഖ് അബ്ദുൽ ഖാഹിർ സുഹ്റവർദി رضي اللّٰه عنه ഉന്നതരായ ഔലിയാക്കളിൽ പെട്ട മഹാനാണെന്നതിൽ മശാഇഖുമാരുടെയും പണ്ഡിതന്മാരുടെയും ഏകോപനമുണ്ട് .ജനഹൃദയങ്ങളിൽ മഹാനവർകൾക്ക് പൂർണമായ സ്വീകാര്യതയുണ്ടായിരുന്നു .മഹാനവർകളുമായുള്ള ആത്മീയ ജീവിതത്തിലൂടെ ഉന്നതരായ മഹാരഥന്മാർ രംഗത്ത് വന്നിട്ടുണ്ട് .ശൈഖ് ശിഹാബുദ്ദീൻ സുഹറവർദി ,ശൈഖ് അബ്ദുല്ലാഹിബ്നു മസ്ഊദ് റൂമി رضي اللّٰه عنهم തുടങ്ങിയവർ മഹാനവർകളുടെ ശിഷ്യഗണങ്ങളിൽ പെട്ടവരാണ് 

ശൈഖുൽ കബീർ ഇമാം ശിഹാബുദ്ദീൻ സുഹറവർദി رضي اللّٰه عنه പറയുന്നു : ഞാനൊരിക്കൽ എന്റെ അമ്മാവൻ ശൈഖ് അബുന്നജീബ് അബ്ദുൽ ഖാഹിർ رضي اللّٰه عنه വിന്റെ സന്നിധിയിലായിരുന്നു .അപ്പോൾ ഒരാൾ പശുക്കുട്ടിയുമായി അങ്ങോട്ട് കടന്നുവന്നു കൊണ്ട് പറഞ്ഞു : സയ്യിദീ ,ഈ പശുക്കുട്ടിയെ അങ്ങേക്ക് വേണ്ടി ഞാൻ നേർച്ചയാക്കിയതാണ് .അദേഹം തിരിച്ചു പോയതിന് ശേഷം ശൈഖവർകൾ പശുക്കുട്ടിയുടെ അടുത്തേക്ക് ചെന്നു അതിന്റെ മുന്നിൽ നിന്നു !

ശൈഖവർകൾ എന്നോട് പറഞ്ഞു : ഈ പശുക്കുട്ടി പറയുന്നു : എന്നെ നിങ്ങൾക്കു വേണ്ടി നേർച്ചയാക്കിയതല്ല .മറിച്ച് ശൈഖ് അലിയ്യു ബിൻ ഹീതി رضي اللّٰه عنه വിന് വേണ്ടി നേർച്ചയാക്കിയതാണ് .നിങ്ങൾക്ക് വേണ്ടി നേർച്ചയാക്കിയത് എന്റെ സഹോദരനെയാണ് .താമസിയാതെ തന്നെ പ്രസ്തുത വ്യക്തി മറ്റൊരു പശുക്കുട്ടിയുമായി വന്നു കൊണ്ട് പറഞ്ഞു : സയ്യിദീ ,നിങ്ങൾക്ക് വേണ്ടി ഞാൻ നേർച്ചയാക്കിയത് ഈ പശുക്കുട്ടിയെയാണ് .ആദ്യത്തേതിനെ ശൈഖ് അലിയ്യു ബ്നുൽ ഹീതി رضي اللّٰه عنه വിന് വേണ്ടി നേർച്ചയാക്കിയതാണ് . രണ്ടെണ്ണത്തിനേയും എനിക്ക് മാറിപ്പോയതാണ് .ഇതും പറഞ്ഞ് ആദ്യത്തെ പശുക്കുട്ടിയെയും കൊണ്ട് അദ്ദേഹം തിരിച്ചു പോയി

[تكملة : ٩٦]

ശൈഖ് ശിഹാബുദ്ദീൻ സുഹറവർദി رضي اللّٰه عنه പറയുന്നു : ഒരിക്കൽ ശൈഖ് അബ്ദുൽ ഖാഹിർ رضي اللّٰه عنه വിന്റെ അരികിലേക്ക് മൂന്ന് യഹൂദികളും മൂന്ന് നസ്റാണികളും വന്നു .അവരെ ശൈഖവർകൾ ഇസ്‌ലാമിലേക്ക് ക്ഷണിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല .അവർ വരില്ലായെന്നു തന്നെ ശഠിച്ചു .അവർ ഓരോരുത്തരുടെയും വായിൽ ശൈഖവർകൾ അൽപം പാൽ ഒഴിച്ചുകൊടുത്തു .അത് ഇറക്കിയതോടു കൂടി അവരെല്ലാവരും മുസ്‌ലിമീങ്ങളായി .അവർ പറഞ്ഞു : പാൽ ഞങ്ങളുടെ ഉള്ളിലെത്തിയതോടു കൂടി ഇസ്‌ലാമല്ലാത്ത എല്ലാ മതങ്ങളും ഞങ്ങളിൽ നിന്ന് നിഷ്ഫലമായിപ്പോയി .ശൈഖ് رضي اللّٰه عنه അവരോട് പറഞ്ഞു : നിങ്ങളുടെ പിശാചുക്കൾ മുസ്‌ലിമായതോടെ നിങ്ങളും മുസ്‌ലിമീങ്ങളായി

[تكملة : ٩٦]

ശൈഖ് അബൂ മുഹമ്മദ് അബ്ദുല്ലാഹി ബ്നു അബ്ദുല്ലാഹി ബിൻ മസ്ഊദ് റൂമി رضي اللّٰه عنه പറയുന്നു : ഞാനൊരിക്കൽ ശൈഖ് അബൂ നജീബ് رضي اللّٰه عنه വിന്റെ കൂടെ ബഗ്ദാദിലെ സുൽത്വാൻ സൂഖിലൂടെ നടക്കുകയായിരുന്നു .അപ്പോൾ ശൈഖവർകൾ ഇറച്ചിക്കച്ചവടക്കാരന്റെ അടുക്കൽ തൂക്കിയിട്ട തോൽ പൊളിച്ച ആട്ടിൻകുട്ടിയിലേക്ക് നോക്കി .ഉടനെ തന്നെ ശൈഖ് رضي اللّٰه عنه അവിടെ നിന്നു .എന്നിട്ട് ഇറച്ചിക്കാരനോട് പറഞ്ഞു : ഈ ആട്ടിൻകുട്ടി എന്നോട് പറഞ്ഞു : ഇത് ശവമാണെന്ന് ! ഇതു കേട്ട ഇറച്ചിക്കാരൻ ബോധരഹിതനായി .ശൈഖ് رضي اللّٰه عنه മുഖാന്തരം തൗബ ചെയ്ത അദ്ദേഹം ശൈഖവർകൾ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞു

ശൈഖ് റൂമി رضي اللّٰه عنه പറയുന്നു : മറ്റൊരിക്കൽ ശൈഖിനോടൊപ്പം ഒരു പാലത്തിലൂടെ ഞാൻ നടക്കുകയായിരുന്നു .അപ്പോൾ കുറേ പഴവർഗങ്ങൾ ചുമന്ന് ഒരാളെ ശൈഖ് رضي اللّٰه عنه കണ്ടു .അദ്ദേഹത്തോട് ശൈഖവർകൾ പറഞ്ഞു : ഈ പഴവർഗങ്ങൾ ഇവിടെ വെക്ക് ! അദ്ദേഹം ചോദിച്ചു : എന്തിനാണ് ! ശൈഖവർകൾ പറഞ്ഞു : ഇദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് എന്നെ രക്ഷപ്പെടുത്തണമെന്ന് ഈ പഴവർഗങ്ങൾ എന്നോട് പറയുന്നു .കാരണം മദ്യത്തോടൊപ്പം സേവിക്കാനാണ് ഇവകളെ വാങ്ങിയത് ! ഈ സംസാരം കേട്ട ഉടനെ അദ്ദേഹം ബോധരഹിതനായി വീണു .പിന്നീട് ശൈഖിന്റെയടുക്കൽ വന്നു തൗബ ചെയ്തു .അദ്ദേഹം പറഞ്ഞു : ശൈഖ് رضي اللّٰه عنه പറഞ്ഞ കാര്യം അല്ലാഹുവും ഞാനുമല്ലാതെ മറ്റാരും അറിയുമായിരുന്നില്ല

[تكملة : ٩٧]

ശൈഖ് റൂമി رضي اللّٰه عنه പറയുന്നു : ഒരു ദിവസം ശൈഖ് رضي اللّٰه عنه വിന്റെ കൂടെ ഞാൻ കർഖിലൂടെ യാത്ര ചെയ്യുകയായിരുന്നു .അപ്പോൾ ഒരു വീട്ടിൽ നിന്ന് മദ്യം കുടിച്ച് ലക്ക് കെട്ട കുറേ പേരുടെ ശബ്ദ കോലാഹലങ്ങൾ കേട്ടു .വെറുപ്പുളവാക്കുന്ന വാസനയും അനുഭവപ്പെട്ടു .ഉടനെ തന്നെ ശൈഖവർകൾ ആ വീട്ടിലേക്ക് കയറി രണ്ടു റക്അത്ത് നിസ്കരിച്ചു .അവിടെ ഉള്ളവരെല്ലാം സ്വാലിഹീങ്ങളായിപ്പോയി .മദ്യം വെള്ളമായി മാറി .ശൈഖ് رضي اللّٰه عنه വിന്റെ കരങ്ങളിലൂടെ അവർ പശ്ചാതപിച്ചു

[تكملة : ٩٧]

മഹാനവർകൾക്ക് ഒരു ഫാതിഹ ഓതുമല്ലോ...
മഹാനവറുകളുടെ ബറക്കത്ത് കൊണ്ട് നമ്മുടെ ഖൽബ് നന്നാക്കി തരട്ടെ

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ